മാതൃഭാഷ , എൻ്റെ ഭാഷ Few lines about Malayalam Mother Tongue
മാതൃഭാഷ അഥവാ എൻ്റെ ഭാഷ
"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ താൻ"
മാതൃഭാഷയെ പറ്റി പറയുമ്പോൾ മലയാളത്തിൻ്റെ മഹാകവി ശ്രീ വള്ളത്തോളിന്റെ ഈ വരികൾ എങ്ങനെ വിസ്മരിക്കാനാവും. ഓരോ മലയാളിക്കും പെറ്റമ്മയാണ് മലയാളഭാഷ. മലയാളഭാഷയ്ക്ക് ഒരു സ്വതന്ത്രഭാഷ എന്ന നിലയിൽ രണ്ടായിരത്തി മുന്നൂറോളം വർഷത്തെ പഴക്കമുണ്ട് എന്ന് പറയപ്പെടുന്നു. ദ്രാവിഡഭാഷാ കുടുംബത്തിൽപ്പെട്ട നമ്മുടെ മലയാളത്തിന് 2013-ൽ ശ്രേഷ്ഠഭാഷാപദവി ലഭിക്കുകയുണ്ടായി.
'മലകളും സമുദ്രങ്ങളും ഒത്തുചേരുക 'എന്നർത്ഥമുള്ള 'മാല ,ആളം 'എന്നീ ദ്രാവിഡ വാക്കുകൾ ചേർന്നാണ് മലയാളം എന്ന വാക്ക് ഉണ്ടായത്.
അമ്മയുടെ പാലിനൊപ്പം നമുക്ക് ലഭിക്കുന്ന മധുരമാണ് നമ്മുടെ മാതൃഭാഷ. നാം ചിന്തിക്കുന്നതും നമ്മെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നതും നമ്മുടെ അമ്മ മലയാളമാണ്. ഒരു വ്യക്തി ലോകത്തെ മനസ്സിലാക്കുന്നത് തന്നെ തൻ്റെ മാതൃഭാഷ യിലൂടെയാണ്. അവൻ കുട്ടിയായിരിക്കുമ്പോൾ മുതൽ അവൻ്റെ ചുറ്റുപാടുകൾ ഗ്രഹിച്ചു തുടങ്ങുന്നത് മാതൃഭാഷയിലൂടെ ആണ്.
ചെറുശ്ശേരിയും, ആശാനും, തുഞ്ചനും, കുഞ്ചനും വള്ളത്തോളും ,ഉള്ളൂരും തുടങ്ങി എത്രയെത്ര മഹാന്മാർ നമ്മുടെ മലയാള ഭാഷയിലൂടെ സാഹിത്യ സംസ്കാരത്തിൻ്റെ വിളക്കുകൾ ആയി മാറിയിരിക്കുന്നു.അതോടൊപ്പം ധാരാളം പഴഞ്ചൊല്ലുകളും ശൈലികളും നമ്മുടെ ഭാഷയെ സമ്പന്നമാക്കുന്നുമുണ്ട്.
ഭാഷകൾ സ്വായത്തമാക്കുക എന്നത് മനുഷ്യൻറെ അവകാശം ആണെങ്കിലും മലയാളത്തെ മറന്ന് മറ്റു ഭാഷകളുടെ പിന്നാലെ പോകുന്നത് പെറ്റമ്മയെ വഴിയിൽ ഉപേക്ഷിക്കുന്നതിനു തുല്യമാണ്.നാമോരോരുത്തരും മലയാളിയാണ് എന്നും എൻറെ ഭാഷ മലയാളമാണ് എന്നും നാം അഭിമാനത്തോടെ കരുതണം. കനക ചിലങ്ക കിലുങ്ങി നൃത്തമാടുന്ന മലയാളത്തിൻ്റെ ഭംഗി വരും തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും കടമയാണ്.
മലയാളിയെപ്പോലെ മലയാള ഭാഷയും കാലത്തെയും അതിർത്തികളും ഭേദിച്ച് അതിൻറെ അലയൊലികൾ എങ്ങും വ്യാപിപ്പിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം. ആശംസിക്കാം .
നന്ദി
നമസ്കാരം.