few lines about flood and climate change in Malayalam (പ്രളയവും കാലാവസ്ഥ വ്യതിയാനവും)
വിഷയം : പ്രളയവും കാലാവസ്ഥ വ്യതിയാനവും
മനോഹരമായ ഭൂപ്രകൃതിയും നല്ല കാലാവസ്ഥയുമായിരുന്നു കേരളത്തെ ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കുറച്ചുവർഷങ്ങളായി മഴയൊന്ന് ശക്തി പ്രാപിച്ചാൽ വീട്ടുമുറ്റത്ത് വെള്ളമുയർന്നാൽ കേരളീയരുടെ നെഞ്ചിടിപ്പും ഉയരും.
കാലംതെറ്റി പെയ്യുന്ന മഴ, പ്രളയം, കടുത്തചൂട്, ആഗോളതാപനം എന്നിവയാണ് കാലാവസ്ഥ മാറിമറിയാൻ കാരണം. കേരളത്തിൽ അനുഭവപ്പെടുന്ന താപനിലയിൽ സമീപ വർഷങ്ങളായി ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആഗോളതാപനം എന്നു പറഞ്ഞുകൊണ്ട് നമുക്കീ കാലാവസ്ഥ വ്യതിയാനത്തെ തള്ളിക്കളയാനാവില്ല.
ഭൂപ്രകൃതിയിൽ മനുഷ്യൻറെ അതിരുകടന്ന കൈകടത്തലുകൾ മൂലം ഉണ്ടായ മാറ്റങ്ങളാണിവ. കാടുകളും ,മരങ്ങളും, കൃഷിയിടങ്ങളും നശിപ്പിച്ചുകൊണ്ട് നടന്നുവരുന്ന അമിതമായ കെട്ടിട നിർമാണവും ,മനുഷ്യൻറെ ഉപഭോഗസംസ്കാരവും ഭൂമിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നതിനും അന്തരീക്ഷത്തിൻ്റെ താപനില കൂടുന്നതിനും ഇടയാക്കി.
കാലാവസ്ഥയിലുണ്ടാകുന്ന കാര്യമായും ദീർഘകാലം നീണ്ടുനിൽക്കുന്ന മാറ്റത്തെയാണ് കാലാവസ്ഥ വ്യതിയാനം എന്ന് പറയുന്നത്. സമുദ്ര പ്രതിഭാസങ്ങളുടെ മാറ്റങ്ങൾ ,സൂര്യപ്രകാശത്തിലെ മാറ്റങ്ങൾ തുടങ്ങിയവ കാലാവസ്ഥ വ്യതിയാനത്തിനു കാരണമാകും.
രണ്ട് രീതിയിലാണ് കാലാവസ്ഥാവ്യതിയാനം ഉണ്ടാവുക. ഒന്ന് താപനില ഉയർന്ന് ചൂട് വർധിക്കുക വഴി ജലാശയങ്ങൾ വറ്റിവരണ്ട് പച്ചപ്പില്ലാതായി കൃഷി നശിച്ച് ഭൂമിയിലെ ജലം ഇല്ലാതാകുന്നു. മറ്റൊന്ന് മഴയുടെ വർധനവാണ്. തന്മൂലം വെള്ളപ്പൊക്കം, പ്രളയം, കൊടുങ്കാറ്റ് ,ഉരുൾപൊട്ടൽ, കടൽക്ഷോഭം, കുടിവെള്ളക്ഷാമം മുതലായവ ഉണ്ടാകുന്നു. ഇതിൽ കേരളം ഇന്ന് രണ്ടാമത്തെ ഗണത്തിൽ- പ്പെടുന്നു.
കാലം തെറ്റി പെയ്യുന്ന മഴയുടെ ശക്തി പ്രാപിക്കൽ നിമിത്തം മഴക്കെടുതികളും, പ്രളയവും നമ്മുടെ നാട്ടിൽ വൻ തോതിൽ വർധിച്ചു. ഇതുമൂലം മനുഷ്യരുടെയും ജീവജാലങ്ങളുടെയും ജീവനും സ്വത്തിനും മഴ ഭീഷണിയായിത്തീർന്നു.വൻ തോതിലുള്ള കൃഷിനാശത്തിനും ഇത് കാരണമായി. മഴയുടെ തോത് വർധിച്ചതോടുകൂടി മിക്ക ജലസംഭരണികളും തുറന്നു വിടാൻ അധികാരികൾ നിർബന്ധിതരായി. ഇതും വൻതോതിൽ പുഴകളിലും നദികളിലും ജലനിരപ്പ് ഉയരാൻ കാരണമായിത്തീർന്നു.
അതോടൊപ്പം ഉപഭോഗസംസ്കാരവും അതുമൂലമുണ്ടായ വൻതോതിലുള്ള മനുഷ്യനിർമ്മിതികളും നിമിത്തം നഗരങ്ങളിലേക്ക് കയറിവരുന്ന നദീജലം പുറത്തേക്ക് ഒഴുക്കാനുള്ള സംവിധാനം ഇല്ലാതായിത്തീരുന്നു. ഇതും പ്രളയത്തിൻറെ തോത് വളരെയധികം വർദ്ധിപ്പിച്ചു.
ഇന്നത്തെ മനുഷ്യൻറെ ജീവിതരീതികൾ ഒരു പരിധിവരെ കാലാവസ്ഥാ വ്യതിയാനത്തിനും അതുവഴി ആഗോളതാപനത്തിലേക്കും അത് പ്രളയത്തിലേക്കും പരിസ്ഥിതി തകർച്ചയിലേക്കും പ്രകൃതിയെ വഴിമാറ്റി.
ആയതിനാൽ നമുക്ക് നമ്മുടെ പരിസ്ഥിതിയെ മനസ്സിലാക്കിക്കൊണ്ട് ദീർഘവീക്ഷണത്തോടു കൂടി ആസൂത്രണ ബോധത്തോടെ മുന്നോട്ടുപോകാൻ കഴിയണം. എങ്കിൽ മാത്രമേ ഈ പ്രശ്നത്തിൽ നിന്നും ഒരു പരിധിവരെ നമുക്ക് രക്ഷ നേടാനാവൂ .വരൂ നമുക്ക് പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് ജീവിക്കാൻ വരുംതലമുറയെ എങ്കിലും പഠിപ്പിക്കാം. നന്ദി
🌺 നമസ്കാരം.🌺