ഉപന്യാസം മാറുന്ന ലോകവും സാങ്കേതികവിദ്യയും.

പ്രസംഗം അഥവാ ഉപന്യാസം
മാറുന്ന ലോകവും സാങ്കേതികവിദ്യയും.

സാങ്കേതികവിദ്യയുടെ കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് സാങ്കേതികവിദ്യയെ വൻതോതിൽ ഉപയോഗപ്പെടുത്താൻ ആധുനിക മനുഷ്യന് കഴിഞ്ഞിട്ടുണ്ട്.

തങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനു വേണ്ടിയാണ് മനുഷ്യൻ സാങ്കേതികവിദ്യ എന്ന മാർഗത്തിലേക്ക് കടന്നത്. സാങ്കേതികവിദ്യയുടെ വരവോടുകൂടി ഗ്രാമങ്ങളും,നഗരങ്ങളും , വ്യവസായങ്ങളും വൻതോതിൽ ഉള്ള നേട്ടങ്ങൾ കൊയ്തു തുടങ്ങി.
              സാങ്കേതികവിദ്യ എന്നത് മനുഷ്യൻറെ മാറുന്ന കാലഘട്ടത്തിനനുസരിച്ച് വളർന്നു വന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. ഇന്ന് മനുഷ്യന്  സാങ്കേതികവിദ്യയില്ലാതെ ജീവിക്കാൻ ആവില്ല  എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. സാങ്കേതികവിദ്യയുടെ വളർച്ചയോടുകൂടി പുതിയ തരത്തിലുള്ള പലതരം കണ്ടുപിടുത്തങ്ങൾ മനുഷ്യരാശിയിൽ ഉണ്ടായി.

      വ്യവസായിക രംഗങ്ങളിൽ വളരെയധികം യന്ത്രങ്ങൾ രൂപപ്പെട്ടു. അതോടൊപ്പം കമ്പ്യൂട്ടറുകളുടെ ഉപയോഗം, വൻതോതിൽ ഇൻറർനെറ്റ് ഉപയോഗവും വർധിച്ചു വന്നു ഇവയെല്ലാം  മനുഷ്യരുടെ ഉന്നമനത്തിന് ഇടയാക്കി തീർത്തു.
                 സാങ്കേതിവിധിയുടെ ആദ്യപടിയായ റേഡിയോയും ടെലിവിഷനും ലോകത്തിന്റെ എല്ലാ മേഖലകളിലും ഉള്ളവർക്കും മുന്നോട്ടും പിന്നോട്ടുമുള്ള എല്ലാ അറിവുകളും നൽകുന്നതിന് സഹായകമായി തീർന്നു. ദൃശ്യമാധ്യമ രംഗത്ത് സാങ്കേതികവിദ്യയുടെ സ്വാധീനം വലിയ മാറ്റങ്ങൾ ഉണ്ടാക്കി.
  സിനിമയും, നാടകവും, സംഗീതവും,  ചിത്രങ്ങളും എല്ലാം ഇന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടിയാണ് ലോകമെമ്പാടും എത്തുന്നത്. അതോടൊപ്പം തന്നെ ഏതൊരു സംഭവവും ഏതു കാലഘട്ടത്തിലാണ് നടക്കുന്നത് ആ നിമിഷം തന്നെ അത് ജനങ്ങളിൽ എത്തിക്കാൻ സാങ്കേതികവിദ്യ നമ്മെ സഹായിക്കുന്നു.

വിദ്യാഭ്യാസരംഗത്തും സാങ്കേതിവിദ്യ വളരെയധികം സഹായം ചെയ്യുന്നുണ്ട് . പാഠ്യ ഭാഗങ്ങൾ  ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ വിദഗ്ധമായി അവതരിപ്പിക്കാൻ സാങ്കേതികവിദ്യ നമ്മെ സഹായിക്കുന്നു .അതോടെ പഠനം കുട്ടികൾക്ക് വളരെയധികം സുഗമമായി തീരുന്നു.
  ആരോഗ്യപരിപാലനത്തിലും സാങ്കേതികവിദ്യ വളരെയധികം മുന്നോട്ടു പോയിക്കഴിഞ്ഞു. രോഗനിർണയവും, മരുന്നുകൾ നിർണയിക്കുന്നതും, നിർദ്ദേശിക്കുന്നതുമായ  സംവിധാനങ്ങൾ നിലവിൽ വന്നു കഴിഞ്ഞു .അതോടൊപ്പം തന്നെ വൻതോതിൽ ഉള്ള യന്ത്രവൽക്കരണവും ആരോഗ്യമേഖലയിൽ കണ്ടുവരുന്നു.

ബാങ്കുകൾ, പൊതു സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ, സ്റ്റോക്ക് എക്സ്ചേഞ്ച് മേഖലകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയെല്ലാം തന്നെ ഇന്ന് സാങ്കേതിവിധിയുടെ നേട്ടത്തിലാണ് പ്രവർത്തിച്ചു പോരുന്നത്.

കാലാവസ്ഥ നിരീക്ഷണത്തിലും സാങ്കേതികവിദ്യ വളരെയധികം മുന്നോട്ടു പോയിക്കഴിഞ്ഞു. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, വേനൽ, എന്നിവയെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകുന്നതിനും തക്ക സമയത്ത് വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഗവൺമെൻറിനെയും , ജനങ്ങളെയും സഹായിക്കുന്നതും ഈ സാങ്കേതികവിദ്യ തന്നെയാണ്.

വളരെയധികം ഗുണ വശങ്ങൾ ഉണ്ടെങ്കിലും സാങ്കേതിവിധിക്ക് അതിന്റെതായ ദോഷവശങ്ങളുമുണ്ട്. മനുഷ്യരാശിയിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും സാങ്കേതികവിദ്യ തന്നെയാണ്. മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും മറ്റും അമിതമായി ഉപയോഗം ജനങ്ങളിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജീവിതരീതിയും തന്നെ അത് മാറ്റിമറിക്കുന്നു. സാങ്കേതികവിദ്യയുടെ അമിതമായ വളർച്ചയും അതിൻറെ ഉപയോഗവും ഉപയോഗ രീതികളും മൂലം ജനങ്ങളിൽ വളരെയധികം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അതോടൊപ്പം തന്നെ ഈ സാങ്കേതികവിദ്യയുടെ വളർച്ച  ഒരു യാന്ത്രിക സമൂഹത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് എന്നും യുവതലമുറയ്ക്ക് അത് ചില ദോഷഫലങ്ങൾ ഉണ്ടാക്കുന്നു എന്ന് നമുക്ക് നിസംശയം പറയാനാകും.

എന്നിരുന്നാലും മാറുന്ന സമൂഹത്തിന് സാങ്കേതികവിദ്യ യുടെ സഹായമില്ലാതെ മുന്നോട്ടുപോകാൻ ആവില്ല. അടിയന്തരമായി നടക്കുന്ന ഏതൊരു കാര്യത്തെയും നിശ്ചയിക്കാനും ഉൾക്കൊള്ളാനും സാങ്കേതിക വിദ്യ മനുഷ്യനെ പ്രാപ്തരാക്കുന്നു. സാങ്കേതികവിദ്യയുടെ വളർച്ച മികച്ച തോതിൽ  ഉപയോഗപ്പെടുത്തിക്കൊണ്ട് വളർന്നുവരുന്ന മനുഷ്യ സമൂഹത്തെ  നമുക്ക് നന്മയുടെ പാതയിലേക്ക് നയിക്കാം. 
                    
                    നന്ദി 
            നമസ്കാരം